-സെയിദ് ഷിയാസ് 
ടെലിവിഷന്‍ രംഗത്ത് നിരവധി 
മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ 
കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ 
ടെലിവിഷന്‍ എന്നുപറഞ്ഞാല്‍ വീടിനു മുകളില്‍ മീന്‍ മുള്ളുപോലെയുള്ള ആന്റിന 
അഥവാ ഏരിയലും ഒരു കൊച്ചു പെട്ടികണക്കെയുള്ള ടെലിവിഷനുമായിരുന്നു 
അര്‍ത്ഥമാക്കിയിരുന്നതെങ്കില്‍ കേബിള്‍ ചാനലുകളുടെയും നിരവധി സാറ്റലൈറ്റ് 
അധിഷ്ഠിത മലയാള ചാനലുകളുടെയും വരവിലൂടെ മലയാളി ദുരദര്‍ശന്‍ എന്ന അനിഷേധ്യ 
ദൃശ്യമാധ്യമത്തിന്റെയും ഭൂതല സംപ്രേഷണത്തിന്റേയും മതിലുകള്‍ ചാടിക്കടന്നു. 
1993-ല്‍ ഏഷ്യാനെറ്റ്, 1998-ല്‍ സൂര്യ, 2000-ത്തില്‍ കൈരളി എന്നിങ്ങനെ 
ഉപഗ്രഹാധിഷ്ഠിത ചാനലുകള്‍ കേരളത്തിലും മറുനാടന്‍ മലയാളി മനസ്സുകളിലും 
വേരുറപ്പിച്ചു കഴിഞ്ഞശേഷം ചാനല്‍ പ്രളയത്തിലൂടെ വീണ്ടും കടന്നുവന്ന ജീവന്‍,
 അമൃത, ജയ്ഹിന്ദ്, ഏഷ്യാനെറ്റ് പ്ലസ്, കിരണ്‍, കൈരളി വീ, ഇന്ത്യാവിഷന്‍ , 
യെസ്, മഴവില്‍ മനോരമ തുടങ്ങിയ വിനോദവിഭവ ചാനലുകളും ഇന്ത്യാവിഷന്‍, 
ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടര്‍, കൈരളി പീപ്പിള്‍, മാതൃഭൂമി ന്യൂസ് 
എന്നീ വാര്‍ത്താധിഷ്ഠിത ചാനലുകളും ഷാലോം, പവര്‍വിഷന്‍, ആത്മീയയാത്ര, 
ഗുഡ്നൈറ്റ് ടെലിഷന്‍, ദര്‍ശന ടി.വി. തുടങ്ങിയ ആത്മീയ സ്വഭാവം പുലര്‍ത്തുന്ന
 ചാനലുകളും, വിവര സാങ്കേതിക വിനിമയ വിദ്യയുടെ പ്രയോജനങ്ങള്‍ 
വിദ്യാര്‍ത്ഥികളിലെത്തിക്കുന്ന വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സും (Versatile 
ICT Enabled Resource for Student) മലയാള ചാനല്‍ പട്ടികയില്‍ ഇതിനകം 
ഇടംനേടിക്കഴിഞ്ഞു.
ഇത്രയും ചാനലുകളുടെ വരവ് ശരിക്കും 
മലയാളിക്ക് മുന്നില്‍ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നല്‍കുന്നു 
എന്നതിനൊപ്പം ഈ കൊച്ചുകേരളത്തിലെ ഈ ചാനല്‍ പ്രളയം പ്രേഷകരെയും 
ആശയക്കുഴപ്പത്തിലാക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. അതൊക്കെ 
അവിടെനില്‍ക്കട്ടെ, ടെലിവിഷന്‍ ആസ്വാദനത്തിന് ലോകം കൈക്കൊള്ളുന്ന പുതിയ 
മാര്‍ഗ്ഗങ്ങളിലേയക്ക് നമുക്ക് ഒന്ന് എത്തിനോക്കാം. 92-കളില്‍ 
കിലോക്കണക്കിന് ഭാരം വരുന്ന പിക്ചര്‍ട്യൂബ് ഘടിപ്പിച്ച ടി.വി എന്നൊരു 
സംഭവത്തില്‍നിന്നും സ്മാര്‍ട്ട് ഫോണുകളിലേയ്ക്കും ടാബ്‌ലറ്റ് 
പി.സി.കളിലേയ്ക്കും കുടിയേറിക്കൊണ്ടിരിക്കുകയാണ് ടെലിവിഷന്റേയും 
പ്രേഷകരുടെയും അടുത്ത തലമുറ. അതിനിടെ ലോകമെമ്പാടും അനലോഗ് സംപ്രേഷണത്തില്‍ 
നിന്നും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേയ്ക്ക് ടെലിവിഷന്‍ എന്ന മാധ്യമത്തെ 
പറിച്ചു നട്ടുകൊണ്ടിരിക്കുകയാണ്, ഇതിന്റെ ഭാഗമായി നമ്മുടെ രാജ്യത്തെ മെട്രോ
 നഗരങ്ങളിലെ നിര്‍ബന്ധിത ഡിജിറ്റല്‍ സെറ്റ് റ്റോപ്പ് ബോക്സുകളുടെ വിന്യാസം 
ഡിജിറ്റല്‍ കാലഘട്ടത്തിലേയ്ക്കുള്ള ടി.വി.യുടെ മാറ്റത്തിന്റെ കുഴലൂത്താണ്. 
കേരളത്തിലും പ്രധാന കേബിള്‍ ഓപ്പറേറ്റര്‍മാരെല്ലാം ഡിജിറ്റല്‍ സെറ്റ് 
റ്റോപ്പ് ബോക്സുകളിലേയ്ക്ക് മാറിത്തുടങ്ങിയിരിക്കുന്നു. ഈ മാറ്റം 
പൂര്‍ണ്ണമാകുമ്പോള്‍ ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് പ്രേഷകര്‍ക്കായി 
അറിവിന്റെ പുതിയ വാതായനങ്ങള്‍ തുറക്കപ്പെടും.
ഇപ്പോള്‍ ഇന്ത്യയില്‍ ടെലിവിഷന്‍ 
സംപ്രേഷണം കേബിളുകള്‍ക്കൊപ്പം ഡയറക്ട് ടു ഹോം (DTH), ഇന്റര്‍നെറ്റ് 
പ്രോട്ടോക്കോള്‍ ടി.വി. (IPTV) കൂടാതെ പുതുതായി നിലവില്‍ വന്ന ഹെഡ്-എന്റ് 
ഇന്‍ ദ സ്കൈ (HITS) എന്നീ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് നടത്തുന്നത്. വിവിധ 
ടെലിവിഷന്‍ ചാനലുകള്‍ ഒരൊറ്റ സാറ്റലൈറ്റിലൂടെ ലഭ്യമാക്കുന്ന സംവിധാനമാണ് 
HITS. കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കാകും ഈ സംവിധാനം കൂടുതല്‍ 
ഉപകാരപ്രദമാവുക. ഇപ്പോള്‍ വിവിധ സാറ്റലൈറ്റുകളില്‍ നിന്നും പരിപാടികള്‍ 
സ്വീകരിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും കഴിയും.
കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഉള്‍പ്പെടെ 
ടി.വി വിതരണരംഗത്ത് പൂര്‍ണ്ണമായും സെറ്റ് റ്റോപ്പ് ബോക്സ് 
ഉപയോഗിക്കുന്നതിലൂടെ കേബിള്‍ വരിക്കാരുടെ അല്ലെങ്കില്‍ ഒരു പ്രത്യേക ചാനല്‍
 പ്രേഷകരുടെ എണ്ണം വ്യക്തമായി ലഭിക്കും എന്നത് ശ്രദ്ധേയമായ നേട്ടമാണ്. 
കേബിള്‍ ഓപ്പറേറ്റര്‍മാര്‍ 2010-ല്‍ നല്‍കിയ കണക്കനുസരിച്ച് കേബിള്‍ 
വരിക്കാരിലൂടെ അവര്‍ക്ക് ലഭിച്ച വരുമാനത്തിന്റെ 20 % മാത്രമാണ് സര്‍ക്കാര്‍
 വൃത്തങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയത്. സര്‍ക്കാരിന്റെ 
കണക്കുകള്‍പ്രകാരം 2010-ല്‍ വിവിധ കേബിള്‍ വരിക്കാര്‍ക്ക് പൊതുജനങ്ങളില്‍ 
നിന്നും ലഭിച്ച വരുമാനം 19,400 കോടിയാണ്. സെറ്റ് റ്റോപ്പ് ബോക്സ് 
വരുന്നതോടെ സര്‍ക്കാരിന്റെ വരുമാനം കൂടുന്നതോടൊപ്പം പരസ്യംവഴി മാത്രം 
വരുമാനം കണ്ടെത്തുന്ന സ്വകാര്യ ചാനലുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ 
വരുമാനത്തിന്റെ ഒരു പങ്ക് ലഭിക്കും എന്നത് വാസ്തവം. അതോടൊപ്പം രാജ്യസുരക്ഷാ
 മാനദണ്ഡത്തിന്റെ വിധേയമായി പൊതുനിര്‍ദേശങ്ങള്‍ പാലിക്കാതെ ചാനലുകള്‍ 
ഉള്‍പ്പെടുത്തുന്നതും ഒഴിവാക്കുന്നതും അവസാനിക്കുകയും ചെയ്യും. 
അത്രമാത്രമല്ല, ഡിജിറ്റല്‍ സെറ്റ് ടോപ്പ് ബോക്സുകള്‍ക്ക് 800ചാനലുകളോളം 
വ്യക്തതയോടെ നല്‍കാന്‍ കഴിയും എന്നതും നേട്ടമാണ്.(ഇതൊക്കെ കാണാന്‍ എവിടെ 
സമയം എന്നത് വേറെ കാര്യം).
പക്ഷേ സെറ്റ് റ്റോപ്പ് ബോക്സ് വാങ്ങി 
വയ്ക്കുന്നതിനും കേബിള്‍ ഓപ്പറേറ്റര്‍ പ്രേഷകന് ആവശ്യമില്ലാത്ത അധിക 
ചാനലുകള്‍ നല്‍കി അധിക തുക വാങ്ങുകയും ചെയ്യുമ്പോള്‍ ഇതൊക്കെ പ്രേഷകന് 
അധികബാധ്യതയാകും എന്നതില്‍ സംശയമില്ല. എങ്കിലും ആവശ്യമായ ചാനലുകള്‍ മാത്രം 
പ്രേഷകന് തെരഞ്ഞെടുക്കാവുന്ന സാങ്കേതികവിദ്യയും സെറ്റ് ടോപ്പ് ബോക്സിന് 
പ്രദാനം ചെയ്യാന്‍ കഴിയും എന്ന അറിവ് ദീര്‍ഘനിശ്വാസത്തിന് വക 
നല്‍കുന്നുണ്ട്.
Article Published at: www.http://aksharamonline.com
No comments:
Post a Comment